രാമരാജ്യ രഥയാത്ര; തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ കമല്‍ഹാസന്‍

kamal-haasan

ചെന്നൈ: തമിഴ് നാട്ടില്‍ പ്രവേശിച്ച വിശ്വഹിന്ദുപരിഷത്തിന്റെ രാമരാജ്യ രഥയാത്രയ്ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ സര്‍ക്കാരിനെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. സമൂഹത്തിലെ ഐക്യത്തിനുവേണ്ടി ഉയര്‍ന്നുകേള്‍ക്കുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കമല്‍ഹാസന്‍ കുറ്റപ്പെടുത്തി. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

മനുഷ്യനെ വിഭജിക്കുന്നതിനുവേണ്ടി നടത്തുന്ന ഒരു യാത്രയ്്ക്കാണ് സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. രഥയാത്രയെ എതിര്‍ത്ത് സാമൂഹ്യഐക്യത്തിനുവേണ്ടി മുദ്രാവാക്യം വിളിച്ചവര്‍ അറസ്റ്റിലായിരിക്കുകയാണ്. ചില തല്‍പരകക്ഷികള്‍ പറയുന്നത് കേട്ട് താളം തുള്ളുകയാണ് തമിഴ്നാട് സര്‍ക്കാരെന്നും കമല്‍ഹാസന്‍

രഥയാത്രയ്ക്കെതിരായി ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രതിഷേധം കേള്‍ക്കുവാനോ, നിരോധനാജ്ഞ മൂലം ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഗണിക്കാനോ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും കമല്‍ഹാസന്‍ ആരോപിച്ചു.

യാത്ര തിരുനല്‍വേലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ തമിഴ്‌നാട്ടില്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. സമരം ശക്തമായതിനെത്തുടര്‍ന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 23 വരെയാണ് നിരോധനാജ്ഞ.

കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലൂടെയാണ് രഥയാത്ര നടക്കുന്നത്. മഹാരാഷ്ട്രയിലെ ശ്രീം രാംദാസ് മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് യാത്ര നടക്കുന്നത്. രഥയാത്ര കടന്നുപോകുന്ന വഴിയില്‍ വന്‍ സുരക്ഷയൊരുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top