ചെന്നൈ: കമല്‍ഹാസന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന പര്യടനത്തിന് തുടക്കമായി. രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വീട്ടിലെത്തിയ ശേഷമാണ് സംസ്ഥാന പര്യടനത്തിന് തുടക്കമായത്. ഇന്ന് വൈകീട്ട് മധുരയില്‍ വെച്ചാണ് പാര്‍ട്ടി പ്രഖ്യാപനം.
രാവിലെ രാമേശ്വരത്തെത്തിയ താരം കലാമിന്റെ സഹോദരന്‍ മുത്തുമീരാന്‍ മരക്കാര്‍ അടക്കം കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കമലിന് മുത്തുമീരാന്‍ മരക്കാര്‍ ഉപഹാരം സമ്മാനിച്ചു.
അതേസമയം, എ.പി.ജെ അബ്ദുല്‍ കലാം സ്‌കൂള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് കമല്‍ പിന്മാറി. പൊതുവിദ്യാലയങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് വിമര്‍ശനത്തിന് വഴിവെക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം.
ഒമ്പതു മണിയോടെ രാമേശ്വരത്തെ ഗണേഷ് മഹലില്‍ മത്സ്യത്തൊഴിലാളികളുമായി കമല്‍ കൂടിക്കാഴ്ച നടത്തും. 11.10ന് കലാം സ്മാരകം സന്ദര്‍ശിക്കും. തുടര്‍ന്ന് മധുരയിലേക്കുള്ള യാത്രാമധ്യേ രാമനാഥപുരം കൊട്ടാരം, പരമക്കുടി ലെനാ മഹല്‍, മാനമധുര എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
ഡി.എം.കെ. തലവന്‍ എം. കരുണാനിധി, നടന്‍ രജനീകാന്ത്, നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത് എന്നിവരെ നേരില്‍ക്കണ്ടശേഷമാണ് കമല്‍ രാഷ്ട്രീയഗോദയിലേക്കിറങ്ങുന്നത്. അതേസമയം, ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യിലെ നേതാക്കളെ അദ്ദേഹം പൂര്‍ണമായി അവഗണിച്ചു.
തന്റെ രാഷ്ട്രീയവിമര്‍ശനങ്ങളെയും രാഷ്ട്രീയപ്രവേശത്തെയും ശക്തമായി എതിര്‍ത്തതിനാലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കമുള്ള എ.ഐ.എ.ഡി.എം.കെ. നേതാക്കളെ കമല്‍ സന്ദര്‍ശിക്കാതിരുന്നത്. ബി.ജെ.പി. നേതാക്കളെയും കമല്‍ കണ്ടില്ല.
വൈകീട്ട് അഞ്ച് മണിക്ക് മധുരയില്‍ കാര്‍ഷിക സര്‍വകലാശാലക്ക് സമീപത്തെ ഒത്തക്കട മൈതാനത്ത് പതാക ഉയര്‍ത്തിയ ശേഷം പാര്‍ട്ടി പ്രഖ്യാപന സമ്മേളനം തുടങ്ങും. ഇതിനുപിന്നാലെ ദക്ഷിണ തമിഴ്‌നാട്ടിലെ ജില്ലകളില്‍ പര്യടനത്തിന് തുടക്കമാകും. എം.ജി.ആറിന്റെസിനിമയായ നാളെ നമതേ (നാളെ നമുക്കുവേണ്ടി) എന്ന പേരിലാണ് പര്യടനം.
മധുരയില്‍ കമലിന്റെ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങിന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ എത്തിയേക്കുമെന്നാണ് സൂചന. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും കമല്‍ ക്ഷണിച്ചിട്ടുണ്ട്.
രജനീകാന്തിനെ നേരില്‍ക്കണ്ട് മധുരയിലെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കാന്‍ സാധ്യതയില്ല. അതേസമയം, പിണറായിയുടെ വിഡിയോ സന്ദേശം സമ്മേളനത്തില്‍ സംപ്രേക്ഷണം ചെയ്യുമെന്ന് വിവരമുണ്ട്.
സി.പി.ഐ. നേതാവ് ആര്‍. നല്ലകണ്ണ്, മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ എന്നിവരെയും കമല്‍ഹാസന്‍ സന്ദര്‍ശിച്ചിരുന്നു. തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന മധുരയിലാണ് നടന്‍ വിജയകാന്ത് തന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെ.യ്ക്ക് തുടക്കംകുറിച്ചത്.