ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്ക്: കമല്‍നാഥ്

ഭോപ്പാല്‍: ബി ജെ പിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ധൈര്യമുണ്ടെങ്കില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കമല്‍നാഥ് പറഞ്ഞു. ഇന്‍ഡോറില്‍ നടന്ന ഇന്ത്യാ ടുഡേ മൈന്‍ഡ് റോക്ക്സ് 2019ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിക്ക് ധൈര്യമുണ്ടെങ്കില്‍ എന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കട്ടെ. എന്തിനാണ് ബി ജെ പി വെറുതെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്- കമല്‍നാഥ് ചോദിച്ചു.

മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ബി ജെ പി നേതാവ് കൈലാഷ് വിജയ്വര്‍ഗിയയും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞിരുന്നു. അക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്റെ സര്‍ക്കാരിനു മേല്‍ അവര്‍ കരുണ കാണിക്കുകയാണോ എന്നായിരുന്നു കമല്‍നാഥിന്റെ മറുപടി. ബി ജെ പി നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ധിപ്പിക്കാന്‍ മാത്രമാണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആളുകള്‍ ഞങ്ങളെ തള്ളിക്കളഞ്ഞെന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. ഞങ്ങളുടെ സന്ദേശം ജനങ്ങളിലേക്ക് ശരിയായ വിധത്തില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ദേശീയതയില്‍ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ബി ജെ പിക്ക് ഒരൊറ്റ സ്വാതന്ത്ര്യസമരസേനാനി പോലുമില്ലെന്ന കാര്യം ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

Top