ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന് രതുല്‍ പുരിയെ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്.
ബാങ്ക് വായ്പ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. സെന്റട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 354 കോടി രൂപ തട്ടിച്ചുവെന്നാണ് കേസ്. രാതുല്‍ പുരിക്കെതിരെ തിങ്കളാഴ്ച സിബിഐ എഫ്ഐആര്‍ തയ്യാറാക്കിയിരുന്നു. മോസര്‍ ബെയര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയായ രതുല്‍ പുരിക്കും, മറ്റ് നാല് ഡയറക്ടര്‍മാര്‍ക്കും എതിരായാണ് കേസെടുത്തിരുന്നത്.
രതുലിനെ കൂടാതെ മോസര്‍ ബെയര്‍ എംഡി ദീപക് പുരി, ഡയറക്ടര്‍മാരായ നിതാ പുരി, സഞ്ജയ് ജെയ്ന്‍, വിനീത് ശര്‍മ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് രാതുല്‍ പുരിക്കെതിരെ പരാതി നല്‍കിയത്.
രതുല്‍ പുരിയുടെ കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ കണ്ടുകെട്ടിയിരുന്നു. ഡല്‍ഹിയിലെ 300 കോടി രൂപ മതിക്കുന്ന ബംഗ്ലാവും കണ്ടുകെട്ടി. സിഡി, ഡിവിഡി നിര്‍മാണ രംഗത്തെ പ്രധാനപ്പെട്ട കമ്പനിയാണ് മോസര്‍ ബെയര്‍. അഗസ്ത വെസ്റ്റ്ലന്ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് കേസുകളും രതുല്‍ പുരി നേരിടുന്നുണ്ട്.