കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ. എം.സി. കമറുദ്ദീനെ രണ്ടു ദിവസത്തെ പെീലീസ് കസ്റ്റഡിയില്‍ വിട്ടു. കമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ 11-ാം തിയതിയിലേക്ക് മാറ്റി. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി.
കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ. ശ്രീധരനാണ് ഖമറുദ്ദീന് വേണ്ടി കോടതിയില്‍ ഹാജരായത്. ക്രിമിനല്‍ കുറ്റം നടന്നതായി പരാതിക്കാര്‍ പോലും ഖമറുദ്ദീന് എതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളുടെ പേരില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടാനോ റിമാന്‍ഡ് ചെയ്യാനോ സാധിക്കില്ലെന്നും ശ്രീധരന്‍ ചൂണ്ടിക്കാണിച്ചു.
എന്നാല്‍ 13 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ഈ ഘട്ടത്തില്‍ തന്നെ തെളിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തെളിവുകളും അന്വേഷണസംഘത്തിന്റെ കൈവശമുണ്ട്. അതിനാല്‍ ഖമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ വിടണമെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.