കമ്പകക്കാനം കൊലക്കേസിന്റെ ചുരുളുകള്‍ അഴിയുന്നു; പിന്നില്‍ ദുര്‍മന്ത്രവാദത്തിന്റെ കറുത്ത കരങ്ങള്‍

ഇടുക്കി: കമ്പകക്കാനം കൊലക്കേസിന്റെ ചുരുളുകള്‍ അഴിയുന്നു. നാലംഗ കുടുംബത്തിന്റെ മരണത്തിന് ഇടയാക്കിയത് കുടുംബനാഥന്‍ കൃഷ്ണനെ കൊന്നാല്‍ മന്ത്രശക്തി കിട്ടുമെന്ന പ്രതികളുടെ വിശ്വാസമാണെന്ന് പൊലീസ് പറഞ്ഞു.

കൃഷ്ണന്റെ സഹായിയായിരുന്ന അനീഷാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകന്‍. ദുര്‍മന്ത്രവാദവും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയാണ് കൃഷ്ണനെയും കുടുംബത്തെയും പ്രതികള്‍ കൊലപ്പെടുത്തിയത്.

പ്രതികളുടെ ആക്രമണത്തെ കൃഷ്ണന്റെ മകള്‍ ആര്‍ഷ ശക്തമായി എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് അനീഷിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഇതാണ് പൊലീസിന് ലഭിച്ച നിര്‍ണായക തെളിവായി മാറിയത്.

അതേസമയം, ഞായറാഴ്ച വീടിന് പുറത്തേക്ക് വിളിച്ചിറക്കി കൊലപ്പെടുത്തിയ കൃഷ്ണനെയും കുടുംബത്തെയും പിറ്റേന്നാണ് കുഴിച്ചിടുന്നത്. ഈ സമയം കൃഷ്ണനും മകന്‍ അര്‍ജുനും ജീവനുണ്ടായിരുന്നു.

എന്നാല്‍, പ്രതികള്‍ ഇത് വകവയ്ക്കാതെ ഇരുവരെയും കുഴിയിലിട്ട് മൂടുകയായിരുന്നെന്നും പൊലിസ് അറിയിച്ചു.

ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചോദ്യം ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയമുള്ള 22 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിരുന്നു. കൃഷ്ണന്റെ മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വീടിനു പിന്നിലുള്ള കുഴിയില്‍ നിന്നാണ് ബുധാനാഴ്ച കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാകാം ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായാണ് അന്വേഷണം.

Top