ബെംഗളൂരു: കാളയോട്ട മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ 100 മീറ്റര്‍ പിന്നിട്ട ശ്രീനിവാസ ഗൗഡ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ട്രയല്‍സില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഗൗഡ ഇപ്പോള്‍ അതിരില്ലാത്ത സന്തോഷത്തിലാണ്.
ആളുകള്‍ തന്നെ ബോള്‍ട്ടുമായാണ് താരതമ്യം ചെയ്യുന്നത്. എന്നാല്‍ ബോള്‍ട്ട് ലോകചാമ്പ്യനാണെന്നും താന്‍ ചെളിയില്‍ ഓടുന്നവനാണെന്നുമാണ് ശ്രീനിവാസ പറഞ്ഞത്. ബോള്‍ട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നുമാണ് ഈ ഇരുപത്തിയെട്ടുകാരന്‍ വ്യക്തമാക്കിയത്. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസ പ്രതികരിച്ചത്.
കാളകളുമായി 142.5 മീറ്റര്‍ ഓടാന്‍ ശ്രീനിവാസ ഗൗഡ എടുത്ത സമയം 13.62 സെക്കന്റാണ്. അതില്‍ 100 മീറ്റര്‍ പിന്നിട്ടത് വെറും 9.55 സെക്കന്റിലാണെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. ജമൈക്കയുടെ ലോകറെക്കോഡുകാരന്‍ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം 9.58 സെക്കന്റാണ്.