ലഖ്‌നൗ: ഹിന്ദു സമാജ് പാര്‍ട്ടി നേതാവായിരുന്ന കമലേഷ് തിവാരി കൊല്ലപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായി തിവാരിയുടെ ഭാര്യ കിരണ്‍ തിവാരി.ഹിന്ദു സമാജ് പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റായി കിരണ്‍ തിവാരി ചുമതലയേല്‍ക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
പാര്‍ട്ടിയുടെ ചുമതലയേല്‍ക്കാന്‍ തയ്യാറാണെന്നും പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും 40 -കാരിയായ കിരണ്‍ തിവാരി പറഞ്ഞു.
ഒക്ടോബര്‍ പതിനെട്ടിനാണ് ഹിന്ദു സമാജ് വാദ് പാര്‍ട്ടി നേതാവ് കമലേഷ് തിവാരി ഖുര്‍ഷിദാബാദിലെ വസതിക്ക് സമീപത്ത്വച്ച് വെടിയേറ്റ്മരിച്ചത്. കാവി വസ്ത്രധാരികളായ പ്രതികളില്‍ ഒരാള്‍ ഒരു പെട്ടി മധുര പലഹാരങ്ങള്‍ നല്‍കാനെന്ന വ്യാജേനെ തിവാരിയുടെ വസതിക്ക് സമീപത്തെ ഓഫീസ് മുറിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഓഫീസില്‍ കടന്ന ശേഷം പെട്ടിയില്‍ നിന്ന് തോക്കെടുത്ത് തിവാരിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു
കൊലപാതകത്തില്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ് പോലിസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കേസില്‍ അഞ്ചുപ്രതികള്‍ ആണ് ഇതുവരെ അറസ്റ്റിലായത്. പ്രവാചക നിന്ദ ആരോപിച്ചാണ് കമലേഷ് തിവാരിയെ കൊലചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.