കറാച്ചി: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടവുമായി പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കമ്രാന്‍ അക്മല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 31 സെഞ്ചുറികള്‍ നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് അക്മല്‍ സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും കൂടിയാണ് താരം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 56 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇംഗ്ലണ്ടിന്റെ ലെസ് അമെസ് മാത്രമാണ് ഇക്കാര്യത്തില്‍ അക്മലിന്റെ മുന്നിലുള്ളത്. ക്വിയാദ് ഇ ആസാം ട്രോഫി ടൂര്‍ണമെന്റില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ സെന്‍ട്രല്‍ പഞ്ചാബിനായി സെഞ്ചുറി നേടിയതോടെയാണ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ അക്മലിന്റെ സെഞ്ചുറി നേട്ടം 31ല്‍ എത്തിയത്. മത്സരത്തില്‍ 170 പന്തില്‍ നിന്ന് 157 റണ്‍സെടുത്ത് അക്മല്‍ പുറത്തായി.
മോശം പ്രകടനത്തിന്റെ പേരില്‍ നിലവില്‍ ടീമിനു പുറത്താണ് അക്മല്‍. ദേശീയ ടീമിനു പുറത്താണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വയ്ക്കുന്നത്.