‘കോടതിയുടെ തീരുമാനം നല്ലത്, പഴയ വിധിക്ക് സ്റ്റേ ഇല്ല, ശബരിമലയില്‍ വീണ്ടും എത്തും’; കനകദുര്‍ഗ

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി വിശാല ബഞ്ചിന് വിട്ടിരിക്കുകയാണ്. വിശാല ബഞ്ച് കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കട്ടെ എന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.

അതേസമയം നിലവിലെ വിധിക്ക് സ്‌റ്റേ ഇല്ലാത്തതിനാല്‍ വീണ്ടും ശബരിമല കയറുമെന്ന നിലപാട് അറിയിച്ചിരിക്കുകയാണ് കനകദുര്‍ഗ. വിധി പുനഃപരിശോധിക്കാനുള്ള സുപ്രികോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ലെന്നും കനകദര്‍ഗ പറഞ്ഞു.
യുക്തിപൂര്‍വമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. വിധിയില്‍ മാറ്റം വരുത്തിയതില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും കനക ദുര്‍ഗ പറഞ്ഞു.

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. മതത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. എന്നാല്‍ ആര്‍.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിച്ചത്.

Top