മലപ്പുറം: ഭര്‍തൃ വീട്ടില്‍ പ്രവേശിക്കുവാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് കനക ദുര്‍ഗ്ഗ അങ്ങാടിപ്പുറത്തെ ഭര്‍തൃ വീട്ടിലെത്തി.കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കുട്ടികള്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
അതേസമയം കനകദുര്‍ഗ്ഗയോടൊപ്പം താമസിക്കില്ലെന്നാണ് ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും നിലപാട്. അതിനാല്‍ അവര്‍ മറ്റൊരു വീട്ടിലേക്ക് താത്കാലികമായി മാറിയിട്ടുണ്ട്. വീട്ടുകാര്‍ വീടുവിട്ടു പോയതില്‍ ബുദ്ധിമുട്ടുണ്ടോ എന്നമാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാലം എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നവര്‍ പ്രതീക്ഷ പങ്കുവെച്ചു.
‘അവര്‍ക്ക്ഒപ്പം താമസിക്കാന്‍ താത്പര്യമില്ലാത്തു കൊണ്ടാണല്ലോ മറ്റ് വീടുകളിലേക്ക് പോയത്.അതിലെനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. അവരുടെ കൂടെ ജീവിക്കാന്‍ ഞാന്‍ തയ്യാറാണ് . എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും’,കനക ദുര്‍ഗ പറഞ്ഞു.
ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട കനക ദുര്‍ഗയ്ക്ക് പെരിന്തല്‍മണ്ണയിലെ വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത് ഇന്നാണ്. ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് പരാതി നല്‍കിയത്. പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് വിധി പറഞ്ഞത്.