തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭിന്നിപ്പിക്കാനുള്ള ശ്രമം മത മേലധ്യക്ഷന്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് കാനം ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടതുമുന്നണി ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് ഘടക കക്ഷികള്‍ക്ക് അവരവരുടെ അഭിപ്രായമുണ്ടാകുമെന്നും കാനം വിശദീകരിച്ചു.
നാര്‍ക്കോട്ടിക് ജിഹാദെന്ന ബിഷപ്പിന്റെ പരാമര്‍ശത്തില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ കാനം നിലവില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിശദീകരിച്ചു. വിഭജിക്കാന്‍ ആഗ്രഹമുള്ളവര്‍ മുതലെടുപ്പിന് ശ്രമിക്കുമെന്നും കാനം കുറ്റപ്പെടുത്തി.
സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയെ വിമര്‍ശിച്ച പ്രസ്താവനയില്‍ കാനം ഉറച്ചുനിന്നു. സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനമാണ് താന്‍ പറഞ്ഞതെന്നാണ് വിശദീകരണം. ജനറല്‍ സെക്രട്ടറിക്ക് എതിരെ താന്‍ പരസ്യ നിലപാട് എടുത്തിട്ടില്ലെന്നും പാര്‍ട്ടി അച്ചടക്കം ആര് ലംഘിച്ചാലും തെറ്റ് തന്നെയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.