ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മാണിയുടെ സഹായം ആവശ്യമില്ലെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

കൊല്ലം:ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കാന്‍ കെ.എം.മാണിയുടെയും, കേരള കോണ്‍ഗ്രസ്സിന്റെയും സഹായം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാമചന്ദ്രന്‍ നായര്‍ വിജയിച്ചത് കെ.എം.മാണിയുടെ സഹായമില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ കെ.എം.മാണിയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ക്ക് ശക്തമായ താക്കീതാണ് കാനം നല്‍കിയത്. ഇക്കുറിയും മാണിയുടെ സഹായമില്ലായെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു വിജയം നേടാനാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്നും കാനം വ്യക്തമാക്കി. ബിജെപിക്കെതിരേ സംസ്ഥാനാധിഷ്ഠിത സഖ്യമാണു വേണ്ടത്. ബിജെപിയെ എങ്ങനെ എതിര്‍ക്കണം എന്നതു സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളില്‍ വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ എല്‍ഡിഎഫിനു ഒറ്റയ്ക്കു കഴിയുമെന്നും അതുകൊണ്ട് നിലവിലെ സ്ഥിതി തുടരുമെന്നും സഖ്യത്തിന്റെ കാര്യത്തില്‍ സിപിഐക്ക് ഉദാര സമീപനമാണെന്നും കാനം വ്യക്തമാക്കി.

Top