കുര്യന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

കോഴിക്കോട്: പി എച്ച് കുര്യനെ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത് സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുര്യന്‍ കര്‍ഷകന്റെ മകനാണ്. അദ്ദേഹം കാര്‍ഷികോല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ കൊടുത്ത് പണം വാങ്ങിയ ആളാണ്. അങ്ങനെയുള്ള അദ്ദേഹം കൃഷിയെക്കുറിച്ച് മോശമായി പറയുമെന്ന് തോന്നുന്നില്ലെന്നും കാനം പറഞ്ഞു.

കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ സര്‍ക്കാരിന്റെ തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കാനാണ് കുര്യനെ നിയമിച്ചിരിക്കുന്നതെന്നും കാനം വ്യക്തമാക്കി.

നേരത്തെ, പി എച്ച് കുര്യന്റെ പ്രസ്താവനയ്‌ക്കെതിരെ കൃഷിമന്ത്രിയും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെതിരെ ഒരു ഉദ്യോഗസ്ഥന്‍ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും നെല്‍കൃഷി വ്യാപിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന് വ്യക്തമായ രാഷ്ട്രീയ നയമുണ്ടെന്നും സര്‍ക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മനസില്‍ പല നയങ്ങളും കാണുമെന്നും എന്നാല്‍ അത് ഇവിടെ നടപ്പാകില്ലെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. നെല്‍കൃഷിയുടെ വിസ്തൃതി കൂട്ടുന്നത് മന്ത്രിക്ക് എന്തോ മോക്ഷം പോലെയാണെന്നാണ് പി എച്ച് കുര്യന്‍ പറഞ്ഞത്.

Top