കെ.എസ്.ആർ.ടി.സി എംഡി ബിജു പ്രഭാകറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജു പ്രഭാകർ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പൊതുമേഖലാ സ്വകാര്യവൽക്കരണത്തിനെ പിന്തുണക്കുന്നയാളാണ്. അങ്ങനെയുള്ള ഒരാളെ ഗതാഗത സെക്രട്ടറി, കെഎസ്ആർടിസി എംഡി എന്നീ സ്ഥാനത്തുനിന്ന് നീക്കാൻ സർക്കാർ തയ്യാറാവണമെന്ന് കാനം ആവശ്യപ്പെട്ടു.

സ്വകാര്യവൽക്കരണം എൽഡിഎഫ് നയമല്ല. പൊതുവേദിയിൽ ബിജു പ്രഭാകർ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനെമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കെഎസ്ടിഎ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗം വിവാദമായിരുന്നു.

അതേസമയം ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന വിഷയത്തിലും കാനം രാജേന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഏത് രീതിയിൽ വേണമെന്ന് തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സർവകലാശാലകളിൽ കോൺഗ്രസ് ഭരണ കാലത്ത് സ്തുതിപാഠകരെ ആയിരുന്നോ നിയമിച്ചതെന്ന ചോദ്യമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കാനം ചോദിച്ചത്. ആ അറിവ് വെച്ചാണ് കെ സുധാകരൻ സംസാരിക്കുന്നത്. ഇടത് സർക്കാരിന്റെ കാലത്ത് യോഗ്യത നോക്കിയാണ് വിസിമാരെ നിയമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Top