സുരക്ഷാപ്രശ്നം കാരണമാണ് കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതെന്ന് കാനം

kanam rajendran

കോഴിക്കോട്: കാസര്‍ഗോട് പെരിയയില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താത്തതില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

വീടുകളില്‍ സന്ദര്‍ശനം നടത്തണമെന്ന കാര്യം മുഖ്യമന്തി അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ് സന്ദര്‍ശനം ഒഴിവാക്കിയത്. കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പൊലീസിനെയും പട്ടാളത്തിനെയുമായി സന്ദര്‍ശനം നടത്തുന്നത് ഉചിതമല്ലല്ലോയെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു.

മുഖ്യമന്ത്രി വരുന്നത് സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രാദേശിക തലത്തില്‍ മുഖ്യമന്ത്രിക്ക് നേരെ എതിര്‍പ്പുണ്ടായേക്കുമോ എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് പോകുന്നതിനെ പൊലീസും എതിര്‍ത്തുവെന്നാണ് സൂചന.

Top