കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയ്ക്കുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
എല്‍ഡിഎഫില്‍ ഒരു തരത്തിലുമുള്ള ആഭ്യന്തര പ്രശ്‌നവുമില്ലെന്നും 2004 ല്‍ എ കെ ആന്റണി രാജി വെച്ചത് യുഡിഎഫിലെ ആഭ്യന്തര പ്രശ്‌നം മൂലമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെടാന്‍ കാരണം ശബരിമല വിഷയമല്ലെന്നും ചില ശക്തികള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെന്നും അത് പാര്‍ട്ടി വിശദമായി വിലയിരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.
ജനവിധിയുടെ പശ്ചാത്തലത്തില്‍ താന്‍ ശൈലിയില്‍ മാറ്റം വരുത്തില്ല. ഈ ശൈലിയിലൂടെയാണ് താന്‍ ഈ നിലയിലെത്തിയത്. രാജി വെയ്ക്കത്തുമില്ല. ഇത് സര്‍ക്കാരിനെതിരായ ജനവിധിയല്ല, മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
തിരിച്ചടി താല്‍ക്കാലികം മാത്രമാണ്. ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഈ ഫലം സിപിഎമ്മിന്റെ ബഹുജന പിന്തുണയ്ക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായിട്ടുമില്ല. എന്‍എസ്എസ് സമദൂര സിദ്ധാന്തം പാലിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രാദേശിക കമ്മിറ്റികള്‍ മുതല്‍ സംസ്ഥാനസമിതി വരെ പരിശോധിക്കും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം, മുഖ്യമന്ത്രിയുടെ വാക്കുകള്‍.