മാവോയിസ്റ്റുകളെ നേരിടുന്നത് സംബന്ധിച്ച സിപിഐ നിലപാടില്‍ മാറ്റമില്ല: കാനം രാജേന്ദ്രന്‍

kanam

തിരുവനന്തപുരം: അട്ടപ്പാടി മഞ്ജിക്കണ്ടി വനമേഖലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകളെ നേരിടുന്നത് സംബന്ധിച്ച സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനം പറഞ്ഞു. പാലക്കാട്ട് നടന്നത് എന്താണെന്ന് വ്യക്തമായിട്ടില്ല. പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

2016 ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിലും കാനം രൂക്ഷമായി പ്രതികരിച്ചിരുന്നു.മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ അവഗണിക്കാനാവില്ലെന്നും മാവോവാദികളെ ഉന്മൂലനം ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരുന്നു അന്ന് സിപിഐ സ്വീകരിച്ചത്. പുതിയ സംഭവത്തിലും നിലാപാടില്‍ മാറ്റമില്ലെന്നാണ് കാനം വ്യക്തമാക്കിയിരിക്കുന്നത്.

പൊലീസ് കൊന്നത് കേന്ദ്ര ഫണ്ട് തട്ടാനാണെന്നായിരുന്നു കാനത്തിന്റെ അന്നത്തെ ആരോപണം. മോദി ചെയ്യുന്നത് പോലെ കാര്യങ്ങള്‍ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്നും മറ്റിടങ്ങളിലുള്ളതു പോലെയുള്ള മാവോയിസ്റ്റ് വേട്ട കേരളത്തില്‍ വേണ്ടെന്നും അന്ന് കാനം തുറന്നടിച്ചിരുന്നു. കേരളത്തില്‍ മാവോയിസ്റ്റ് ഭീകരതയുണ്ടെന്ന് വരുത്താനാണ് ശ്രമം. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശമെന്നും കാനം അന്ന് വ്യക്തമാക്കിയിരുന്നു.

ഇന്നെല രാവിലെയാണ് പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ വച്ച് മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട തണ്ടര്‍ ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ തമിഴ്നാട് സ്വദേശി കാര്‍ത്തി, കര്‍ണാടക സ്വദേശികളായ സുരേഷ്, ശ്രീമതി എന്നിവരാണു അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടത്.

Top