തിരുവനന്തപുരം: ഇലന്തൂരില്‍ അതിക്രൂരമായി രണ്ട് സ്ത്രീകളെ പ്രാചീനകാലത്ത് നിലനിന്നിരുന്ന നരബലി എന്ന അനാചാരത്തിന്റെ പേരില്‍ കൊലപ്പെടുത്തിയത് ഞെട്ടലുളവാക്കുന്നതും അതീവ ഉത്ക്കണ്ഠ ഉളവാക്കുന്നതുമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ശാസ്ത്ര ബോധവും യുക്തി ചിന്തയും സമൂഹത്തില്‍ ശക്തമായി പ്രചരിപ്പിക്കണമെന്ന ബോധത്തിലേക്കാണീ സംഭവം വിരല്‍ ചൂണ്ടുന്നത്.
മഹാരാഷ്ട്രയില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ നിയമ നിര്‍മ്മാണത്തിനുവേണ്ടി നിരന്തരം പോരാടിയ ധാബോല്‍ക്കര്‍ മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം മഹാരാഷ്ട്ര നിയമസഭ അന്ധവിശ്വാസ-അനാചാര വിരുദ്ധ നിയമം പാസ്സാക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തു. ഈ നിയമ നിര്‍മ്മാണത്തിനു വേണ്ടിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്ന ഗോവിന്ദ പന്‍സാരെയും മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലും മഹാരാഷ്ട്ര മാതൃകയില്‍ നിയമ നിര്‍മ്മാണം നടത്തി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തുകയുണ്ടായി.
ശാസ്ത്ര ചിന്ത സമൂഹത്തില്‍ നിന്നും വ്യക്തിജീവിതത്തില്‍ നിന്നും എത്ര അകലെയാണെന്ന് ബോധ്യപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കേരളം ഇതിനുമുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ ആന്റീ സൂപ്പര്‍സ്റ്റിഷ്യന്‍ ആന്റ് ബ്ലാക്ക് മാജിക് ആക്ടും കര്‍ണാടകയിലെ ദി കര്‍ണാടക പ്രിവന്‍ഷന്‍ ആന്റ് ഇറഡിക്കേഷന്‍സ് ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ് ആന്റ് ബ്ലാക്ക് മാജിക് ആക്ട് 2017 മാതൃകയില്‍ കേരളത്തില്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കേരള മനസാക്ഷി ആകെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കാനം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.