തിരുവനന്തപുരം പിടിക്കാന്‍ കാനത്തെ ഇറക്കണം; ആവശ്യവുമായി ജില്ലാ കമ്മറ്റി

kanam rajendran

തിരുവനന്തപുരം: കോണ്‍ഗ്രസിനെ തകര്‍ത്ത് തിരുവനന്തപുരം മണ്ഡലം പിടിക്കണമെങ്കില്‍ സിപിഎം കാനം രാജേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഎം ജില്ലാ കമ്മറ്റിയില്‍ അഭിപ്രായം. ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാനം സ്ഥാനാര്‍ത്ഥിയാകുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

ശശി തരൂരില്‍ നിന്ന് മണ്ഡലം പിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കഴിഞ്ഞ തെരഞ്ഞടുപ്പിലെ ദുഷ്പേര് ആവര്‍ത്തിക്കുമെന്നും ജില്ലാ കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു. മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇടതുമുന്നണിയില്‍നിന്ന് തിരുവനന്തപുരത്ത് വര്‍ഷങ്ങളായി മത്സരിക്കുന്നത് സിപിഐയാണ്. ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ മണ്ഡലം തിരിച്ചുപിടിച്ച ചരിത്രവും ഉണ്ട്. 1977ല്‍ സിപിഐയുടെ സമുന്നത നേതാവ് എംഎന്‍ ഗോവിന്ദന്‍നായര്‍ 69,822 വോട്ടുകള്‍ക്കാണ് എതിര്‍സ്ഥാനാര്‍ഥി (ബിഎല്‍ഡി) പി വിശ്വംഭരനെ തോല്‍പ്പിച്ചത്. 1996ല്‍ കെവി സുരേന്ദ്രനാഥ് 20,802 വോട്ടുകള്‍ക്കു കോണ്‍ഗ്രസിലെ എ ചാള്‍സിനെ തോല്‍പ്പിച്ചു. 2004ല്‍ പികെ വാസുദേവന്‍ നായര്‍ 54,603 വോട്ടുകള്‍ക്കു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിഎസ് ശിവകുമാറിനെ തോല്‍പ്പിച്ചു. പികെ വാസുദേവന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 74,200 വോട്ടുകള്‍ക്കാണ് പന്ന്യന്‍ രവീന്ദ്രന്‍ വിഎസ് ശിവകുമാറിനെ പരാജയപ്പെടുത്തിയത്.

Top