തിരുവനന്തപുരം: സിപിഐ സമ്മേളനത്തിലെ വിമർശനം സ്വാഭാവികം മാത്രമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടത് സർക്കാരിനെ പിണറായി സർക്കാർ എന്ന പേരിൽ ബ്രാന്റ് ചെയ്യുന്നതിനെതിരെ സിപിഐ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. നേതൃത്വത്തെ അല്ലാതെ അയലത്തുകാരെ വിമർശിക്കാൻ കഴിയുമോ എന്നും കാനം ചോദിച്ചു.
മുൻ സർക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണ് ഇത്തരം ബ്രാന്റിങ്ങെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ പൊതു ചർച്ചയിൽ പ്രതിനിധികൾ കുറ്റപ്പെടുത്തിയിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ പാരിസ്ഥിതിക പ്രശ്നങ്ങളിലെ അഴകുഴമ്പൻ നിലപാട് അടക്കമുള്ള വിഷയങ്ങളിലും അതിരൂക്ഷ വിമർശനവും ഉണ്ടായി.
ജനങ്ങളിൽ നിന്ന് മാറി നടക്കുന്ന പിണറായി ശൈലിമുതൽ ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് മുദ്രകുത്താനുള്ള സിപിഎമ്മിന്റെ ബോധപൂവ്വമായ ശ്രമത്തിൽ വരെ വലിയ എതിർവികാരമാണ് സമ്മേളന പ്രതിനിധികളിൽ നിന്ന് ഉണ്ടായത്. ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിനെ നിലക്ക് നിർത്തണം. ഇടത് മുന്നണിയുടെ കെട്ടുറപ്പ് സിപിഐയുടെ മാത്രം ഉത്തരവാദിത്തമാകുന്നതിലെ അതൃപ്തിയും പൊതുചർച്ചയിൽ പ്രതിനിധികള്‍ ഉന്നയിച്ചു.
സിപിഎം വിട്ട് സിപിഐയിലേക്ക് എത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന നിർദ്ദേശവും തിരുവനന്തപുരം സീറ്റ് തിരിച്ച് പിടിക്കാൻ പാർട്ടി നേതൃത്വം ശക്തിയായി ഇടപെടണമെന്ന ആവശ്യവും ചർച്ചയിലുയർന്നു. പരിസ്ഥിതി പ്രശ്നങ്ങളിലടക്കം പാർട്ടി നിലപാട് ദുർബലമാണ്. പാർട്ടി അംഗത്വം കൂടാത്തതിൽ ബ്രാഞ്ച് കമ്മിറ്റികൾക്ക് വീഴ്ചയുണ്ടെന്ന് പ്രവർത്തന റിപ്പോർട്ട് വിലയിരുത്തി. ജനകീയ അടിത്തറ വിപുലമാക്കാനും ജനകീയ ഇടപെടലുകൾ ശക്തമാക്കാനും ബ്രാഞ്ച് കമ്മിറ്റികൾ തയ്യാറാകണമെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.