തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ടുവർഷം അന്വേഷിച്ചിട്ടും തുമ്പും തെളിവും ഇല്ലാത്ത കേസാണിതെന്നും ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങൾക്കും മറുപടി പറയൽ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഓരോ സമയത്തും ഉന്നയിക്കുന്ന ഓരോ ആരോപണങ്ങൾക്കും മറുപടി പറയാൻ മുഖ്യമന്ത്രിയോ മറ്റുള്ളവരോ തയാറാകണമെന്ന് പറയാനാവില്ല. കേന്ദ്ര ഏജൻസികൾ രണ്ട് വർഷക്കാലം നടത്തിയ അന്വേഷണത്തിൽ ഒരു തുമ്പും ഇല്ല തെളിവും ഇല്ല. ഉണ്ടെങ്കിൽ ഇവരെയൊക്കെ അറസ്റ്റ് ചെയ്യണമല്ലോ. അങ്ങനെയൊരു കാര്യം രണ്ട് വർഷം കഴിഞ്ഞിട്ടും വീണ്ടും പറഞ്ഞു നടക്കുന്നതിൽ എന്താണ് കാര്യം’ കാനം ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം വീണ്ടും ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. പരിശുദ്ധമായ നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരൺ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരൺ ഇടനിലക്കാരൻ അല്ലെങ്കിൽ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചിരുന്നു. ക്‌ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങിന് താൻ തനിച്ച് പോയിട്ടുണ്ട്. 2016 മുതൽ 2020 വരെ പല തവണ പോയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞിരുന്നു.