പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാന്‍ ശ്രമിക്കരുത്: കാനം

കൊച്ചി: കുഞ്ഞിന് പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്ത് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ നിന്ന് ഫണ്ട് കിട്ടിയിട്ടില്ലെന്ന് പറയുന്നില്ല. പക്ഷേ വളരെ തുച്ഛമായ പങ്കാണ് നല്‍കിയത്. ലൈഫ് പദ്ധതിയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് അര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാരിന്റെ പദ്ധതിയെന്ന നിലയില്‍ ലൈഫ് പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനെതിരെ യുഡിഎഫും ബിജെപിയും രംഗത്തെത്തിയിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്റെ മിടുക്കല്ലെന്നും പിണറായി സര്‍ക്കാര്‍ പദ്ധതിയെന്ന അവകാശവാദം തന്നെ വലിയ കളവാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രി പറയുന്ന 2 ലക്ഷം വീടുകളില്‍ 52,000 വീടുകളും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു നിര്‍മാണം ആരംഭിച്ച് 90% പൂര്‍ത്തിയാക്കിയവയാണ്.55, 000 വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 885 കോടി രൂപ ചെലവഴിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ചതാണ്‌. ഈ വീടുകളും സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയുടെ കീഴില്‍ കൊണ്ടുവന്നു. സര്‍ക്കാര്‍ അവകാശപ്പെടുന്ന ഒരു ലക്ഷത്തില്‍ പരം വീടുകള്‍ക്ക് ലൈഫ് പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്.

കേന്ദ്രത്തിന്റെ ഭവനപദ്ധതിയെ ‘ലൈഫ്’ എന്ന പേരിലാണു കേരള സര്‍ക്കാര്‍ ജനങ്ങളോടു പറയുന്നതെന്നും കേന്ദ്രവിഹിതം എത്രയെന്നു കൂടി വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞത്.

ലൈഫ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മുഖ്യമന്ത്രിയുടേതു കണ്‍കെട്ടുവിദ്യയാണെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത്.ഒരു വീടിനു സംസ്ഥാന സര്‍ക്കാരിന് ചെലവ് 50,000 രൂപ മാത്രമാണ്. ലൈഫ് മിഷന്റെ പേരില്‍ മുഖ്യമന്ത്രി ഗുണഭോക്താക്കളുടെ സമ്മേളനം വിളിച്ചുകൂട്ടി ആഘോഷിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

Top