ബിജെപിയെ ചെറുക്കാന്‍ മതനിരപേക്ഷിത കക്ഷികളുടെ യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് കാനം

kanam rajendran

തിരുവനന്തപുരം: മുഖ്യശത്രുവായ ബിജെപിയെ ചെറുക്കാന്‍ മതനിരപേക്ഷിത കക്ഷികളുടെ യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 65 ലെ പിളര്‍പ്പിന് കാരണക്കാരായവര്‍ പുതിയ സാഹചര്യത്തെ കണ്‍തുറന്ന് കാണണമെന്നും കാനം ഓര്‍മ്മിപ്പിച്ചു. ഇടതു മുന്നണിയിലേക്ക് വരുന്ന പാര്‍ട്ടിയുടെ മുന്‍കാല ചെയ്തികളും പരിശോധിക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.

ചെറുത്തു നില്‍പ്പിന്റെ പോരാട്ടം തുടങ്ങണം അതിന്റെ ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കാണെന്നും കാനം കൂട്ടി ചേര്‍ത്തു. മാണിയ്ക്കും കിട്ടി കാനത്തിന്റെ വക മറുപടി. കേരള കോണ്‍ഗ്രസ് വെന്റിലേറ്ററിലാണെന്ന് താന്‍ പറഞ്ഞിട്ടില്ല. ആ തൊപ്പി മാണി സ്വയം എടുത്ത് അണിഞ്ഞതാണെന്നും കാനം കൂട്ടി ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് ഒറ്റക്ക് മല്‍സരിച്ചത് 65 ല്‍ ആണ്. അന്ന് മാണിക്ക് അതില്‍ എന്തു പങ്കുണ്ടായിരുന്നുവെന്നും കാനം ചോദിച്ചു. എല്‍ഡിഎഫ് വാതില്‍ തുറന്നത് മുന്‍പ് മുന്നണി വിട്ടവര്‍ തിരിച്ചു വരാന്‍ വേണ്ടിയാണ്. പതിനായിരം രൂപയും ജീപ്പും പാലായില്‍ കൊണ്ടു കൊടുത്തപ്പോഴാണ് മാണി മല്‍സരിക്കാന്‍ തയ്യാറായതെന്ന് ബാലകൃഷണപിള്ളയുടെ ആത്മകഥയിലുണ്ടെന്നും കാനം പരിഹസിച്ചു.

സിപിഐഎം ദുര്‍ബലമായാല്‍ എല്‍ഡിഎഫ് ശക്തമാകുമെന്ന തോന്നല്‍ തങ്ങള്‍ക്ക് ഇല്ല. എന്നാല്‍ സിപിഐ ദുര്‍ബലമായാല്‍ ഇടതുപക്ഷം ശക്തമാകുമെന്ന തോന്നല്‍ സിപിഐഎം ന് ഉണ്ടാകരുതെന്നും കാനം ഓര്‍മിപ്പിച്ചു. ഇടതു നയത്തിന് വ്യതിയാനം വരുമ്‌ബോള്‍ സ്‌നേഹപൂര്‍വ്വം തിരുത്തുന്നത് ഇടതു പക്ഷത്തെ ശക്തപ്പെടുത്താനാണ്. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top