കാഞ്ചിപുരം സ്‌ഫോടനം; ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട് കാഞ്ചിപുരം ഗംഗയമന്‍ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂരിലെ ക്ഷേത്രത്തിന് സമീപം വ്യാപാരം നടത്തിയിരുന്ന മുഹമ്മദ് റഫീക്ക് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കാഞ്ചിപുരം എസ്പി ഓഫിസില്‍ വച്ച് ചോദ്യം ചെയ്ത് വരുകയാണ്.

ഈ മാസം 25-ന് ഗംഗയമന്‍ കോവിലിനു പിന്നിലെ ക്ഷേത്രക്കുളം ശുചീകരിക്കുന്നതിനിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ പ്രദേശവാസികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ സാരമായി പരുക്കേറ്റ ജയരാജ്, തിരുമാള്‍, യുവരാജ് എന്നിവര്‍ കാഞ്ചിപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

എന്നാല്‍, സ്‌ഫോടനത്തിന് തീവ്രവാദ ഭീഷണിയുമായി ബന്ധമില്ലെന്നും ആശങ്ക വേണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന തുടരുകയാണ്.

അതേസമയം, കാഞ്ചിപുരം മാന്നമ്പതി ക്ഷേത്രത്തിന് സമീപത്ത് നിന്ന് തിങ്കളാഴ്ച വീണ്ടും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

Top