എറണാകുളം: കണ്ടല ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ ആശുപതിയില്‍ പ്രവേശിപ്പിച്ച കണ്ടല ബങ്ക് മുന്‍ പ്രസിഡന്റ് എന്‍.ഭാസുരാംഗനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് എറണാകുളം ജയിലില്‍വച്ചു ഭാസുരാംഗന്റെ ആരോഗ്യനില മോശമായത്. തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ ഉള്‍പ്പടെ പരിശോധിക്കുകയും ആശുപത്രിയിലേക്കു കൊണ്ടുപോവുകയുമായിരുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്.
കണ്ടല ബാങ്കില്‍ എം.ഡി.എസ്. (മന്തിലി ഡെപ്പോസിറ്റ് സ്‌കീം) ചിട്ടികളിലൂടെ ക്രമക്കേട് നടത്തി തട്ടിയത് 51 കോടി രൂപയാണ്. ബിനാമി പേരുകളില്‍ അക്കൗണ്ട് തുടങ്ങിയും ഈ തുക മാറ്റിയെടുത്തിട്ടുണ്ട്. ശ്രീജിത്, അജിത് കുമാര്‍ എന്നിങ്ങനെ രണ്ട് ബിനാമി പേരുകളില്‍ വിവിധ അക്കൗണ്ടുകള്‍ തുടങ്ങി കോടികള്‍ തട്ടിയെടുത്തതായാണ് കണ്ടെത്തല്‍. പല പേരുകളില്‍ തുടങ്ങുന്ന ചിട്ടികളുടെ പണം മാറിയെടുത്തിട്ടുള്ളത് രണ്ട് ബിനാമി അക്കൗണ്ടുകള്‍ വഴിയാണ്.
കണ്ടല ബാങ്കില്‍ ഭാസുരാംഗന്റെ പേരില്‍ രണ്ട് അക്കൗണ്ടുകളിലായി 11,90,861 രൂപയും 92,42,544 രൂപയും നിക്ഷേപമുണ്ട്. അഖില്‍ ജിത്തിന്റെ പേരില്‍ 1,50,48,564 രൂപയും, ഭാര്യ ജയകുമാരിയുടെ പേരില്‍ 42,87,345 രൂപയും, മകള്‍ അഭിമയുടെ പേരില്‍ 78,63,407 രൂപയുടേയും നിക്ഷേപമുണ്ട്.