ലവ് കുശ് രാംലീലയില്‍ രാവണ ദഹനം നടത്തുന്ന ആദ്യ വനിതയായി കങ്കണ റണൗട്ട്

ന്യൂഡല്‍ഹി: ദസറയോടനുബന്ധിച്ച് ചൊവ്വാഴ്ച ചെങ്കോട്ടയില്‍ നടക്കുന്ന ലവ് കുശ് രാംലീലയില്‍ രാവണ ദഹനം നടത്തുന്ന ആദ്യ വനിതയായി കങ്കണ റണൗട്ട്. ചടങ്ങിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രാവണദഹനം നടത്തുന്നത്.

കങ്കണ റണൗട്ട് തന്നെയാണ് ഈ കാര്യം ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി അറിയിച്ചത്. എല്ലാ വര്‍ഷവും ചെങ്കോട്ടയില്‍ നടന്നുവരുന്ന ലവ് കുശ് രാംലീലയുടെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാന്‍ പോകുന്നു, ജയ് ശ്രീറാം എന്നാണ് വീഡിയോക്കൊപ്പം കങ്കണ കുറിച്ചത്.

വനിതാ സംവരണ ബില്ലിന് പിന്തുണയര്‍പ്പിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ഡല്‍ഹി ലവ് കുശ് രാംലീലാ കമ്മിറ്റി പ്രസിഡന്റ് അര്‍ജുന്‍ സിംഗ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ലവ് കുശ് രാംലീല കമ്മിറ്റിക്ക് സ്ത്രീകള്‍ക്കും ചടങ്ങില്‍ തുല്യപ്രാധാന്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബില്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന് സഹായിക്കും. സ്ത്രീകള്‍ക്കും ദുഷ്ടശക്തികളെ അവസാനിപ്പിക്കാനാവും. അവര്‍ക്കും അതിനുള്ള അവകാശമുണ്ട്. അതുകൊണ്ടാണ് രാവണ ദഹനത്തിന് ഇത്തവണ കങ്കണയെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം നടന്‍ പ്രഭാസാണ് രാവണ ദഹനം നടത്തിയത്.

ചടങ്ങിന് മുന്‍വര്‍ഷങ്ങളില്‍ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരായിരുന്നു വിശിഷ്ഠാതിഥികള്‍. അജയ് ദേവ്ഗണും ജോണ്‍ എബ്രഹാമും ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളും പങ്കെടുത്തിട്ടുണ്ട്.

Top