മക്കള്‍ നീതി മയ്യം (എം.എന്‍.എം.) തമിഴ്നാട്ടില്‍ അധികാരത്തിലേറിയാല്‍ വീട്ടമ്മമാര്‍ക്കു മാസശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്റെ പ്രഖ്യാപനത്തെ സംബന്ധിച്ചുള്ള കങ്കണയുടെയും ശശി തരൂരിന്റെയും വാദ പ്രതിവാദങ്ങൾ മുറുകുന്നു. വീട്ടമ്മമാരുടെ സേവനത്തിന് വിലയിടരുതെന്ന കങ്കണയുടെ ട്വീറ്റിനായിരുന്നു കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ മറുപടി ട്വീറ്റ്. ശമ്പളം ലഭിക്കാതെ ചെയ്യുന്ന ആ ജോലിയുടെ മൂല്യം എന്താണെന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് കമലിന്റെ പ്രഖ്യാപനത്തെ അനുകൂലിക്കുന്നതെന്നായിരുന്നു തരൂരിന്റെ മറുപടി.
“ഒരു വീട്ടമ്മയുടെ ജീവിതം വിലമതിക്കാനാകാത്തതാണെന്ന കങ്കണയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍ ഇത് അക്കാര്യങ്ങളെക്കുറിച്ചല്ല. ശമ്പളം ലഭിക്കാതെ ചെയ്യുന്ന ആ ജോലിയുടെ മൂല്യം എന്താണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ്. എല്ലാ സ്ത്രീകള്‍ക്കും അടിസ്ഥാനപരമായ വേതനം ഉറപ്പുവരുത്തുന്നതിനുമാണ്. എല്ലാ ഇന്ത്യന്‍ സ്ത്രീകളും നിങ്ങളെപ്പോലെ ശാക്തീകരിക്കപ്പെടട്ടെ”- ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
തമിഴ്നാട്ടിൽ അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് മാസ ശമ്പളം നൽകുമെന്ന പ്രസ്താവനയുമായി ഡിസംബർ 21നാണ് കമൽ ഹാസൻ രംഗത്തെത്തിയത്. ഇതിനെ പിന്തുണച്ചു കൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് ഷെയർ ചെയ്തായിരുന്നു കങ്കണയുടെ പ്രതികരണം. വീട്ടമ്മയെ വീട്ടുജോലിക്കാരിയാക്കി മാറ്റുന്നതിന് തുല്യമാണിതെന്നും സൃഷ്ടിയ്ക്ക് ദൈവത്തിന് വില നല്‍കുന്നതിന് തുല്യമാണിതെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം.
“പ്രണയത്തിന്റെ ഭാഗമായുള്ള ലൈംഗികതക്ക് വിലപേശരുത്. ഞങ്ങളുടെ കുഞ്ഞുങ്ങളെ നോക്കുന്നതില്‍ വിലയിടരുത്. ഞങ്ങളുടെ ചെറിയ രാജ്യത്ത് രാജ്ഞിമാരായി കഴിയാനുള്ള അവകാശത്തിന് വില നിശ്ചയിക്കരുത്. എല്ലാം വെറും കച്ചവടമായി മാത്രം കാണരുത്. പൂര്‍ണമായി നിങ്ങളുടെ പ്രണയിനിക്ക് കീഴടങ്ങുക. അവള്‍ക്ക് നിങ്ങളുടെ എല്ലാം ആവശ്യമാണ്. സ്‌നേഹവും ബഹുമാനവും ശമ്പളവും മാത്രമല്ല. ഇതിന് തൊട്ടുപിന്നാലെ സ്‌നേഹമില്ലായ്മയ്ക്കും ബഹുമാനമില്ലായ്മയ്ക്കും പരിഹാരമായി പണം നല്‍കിയാല്‍ മതിയോ.” -എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.