‘മിന്നുന്നതെല്ലാം പൊന്നല്ല’; രാജ് കുന്ദ്രയുടെ അറസ്റ്റില്‍ കങ്കണയുടെ പ്രതികരണം

മുംബൈ: നീലചിത്ര നിര്‍മാണ കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തിന് പിന്നാലെ ബോളിവുഡിനെതിരെ ശക്തമായ ആരോപണവുമായി കങ്കണ റണൗട്ട്. ബോളിവുഡിനെ അഴുക്കുചാല്‍ എന്ന് പറഞ്ഞുകൊണ്ടാണ് കങ്കണയുടെ വിമര്‍ശനം. ബോളിവുഡിലെ അന്തര്‍ധാരയിലുള്ള ഇത്തരം സംഭവങ്ങള്‍ തന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും താരം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.

‘ഇതിനാലാണ് സിനിമ രംഗത്തെ ഒരു അഴുക്കുചാല്‍ എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത്, മിന്നുന്നതെല്ലാം പൊന്നല്ല. ബോളിവുഡിലെ ഇത്തരം സംഭവങ്ങളെ അതിന്റെ ഏറ്റവും അടിയില്‍ നിന്നും ഞാന്‍ നിര്‍മിക്കുന്ന ‘ടികു വെഡ്സ് ഷേരു’ എന്ന ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരും. നമുക്ക് ഒരു മൂല്യമുള്ള സംവിധാനം വേണം, അതാണ് ക്രിയാത്മകമായ ഒരു മേഖലയ്ക്ക് ആവശ്യമായുള്ളത്. അതിനായി സിനിമ മേഖലയില്‍ ഒരു ശുദ്ധീകരണവും ആവശ്യമാണ്’ എന്ന് കങ്കണ പ്രതികരിച്ചു.

ഇതാദ്യമായല്ല ബോളിവുഡ് ഒരു അഴുക്കുചാലാണെന്ന് കങ്കണ അഭിപ്രായപ്പെടുന്നത്. ബോളിവുഡില്‍ ഓരോ ആളുകളും പരസ്പരം തങ്ങളുടെ കപടതയെയും ദുഷ്പ്രവര്‍ത്തികളെയും മറച്ചുവക്കുകയാണെന്ന് നടി മുന്‍പ് പറഞ്ഞിട്ടുണ്ട്. 2020ല്‍ നടത്തിയ പ്രസ്താവനയില്‍ അഴുക്കുചാല്‍ എന്നര്‍ഥം വരുന്ന രീതിയില്‍ ബല്ലിവുഡ് എന്നാണ് ബോളിവുഡിനെ താരം വിളിച്ചത്. അതേ സമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ ജൂലൈ 23വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

Top