‘കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിച്ചേക്കുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു. തീരുമാനവുമായി മുന്നോട്ടുപോകൂ.’ ഇന്ത്യയില്‍ ട്വിറ്റര്‍ നിരോധനവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന വാര്‍ത്തയ്ക്ക് പൂര്‍ണപിന്തുണ നല്‍കി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്. ദേശ വിരുദ്ധവും, ഹിന്ദുഫോബികുമായ പ്ലാറ്റ്ഫോമാണ് ട്വിറ്ററെന്നും കങ്കണ ആരോപിക്കുന്നു. ദേശവിരുദ്ധവും ഹിന്ദുഫോബിക്കുമായ പ്ലാറ്റ്ഫോമുകള്‍ നമുക്ക് ആവശ്യമില്ല എന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്.
തന്റെ അച്ഛനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റിലായിരുന്നു കങ്കണയുടെ ആരോപണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഹോദരന്‍ അക്ഷത്തിന്റെ വിവാഹത്തെ തുടര്‍ന്ന് നടി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയായിരുന്നു. ട്വീറ്റിനൊപ്പം സഹോദരിയുമൊത്തുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കങ്കണയുടെ സഹോദരന്റെ വിവാഹ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ആഗോള പകര്‍പ്പവകാശ നയം മുന്‍നിര്‍ത്തി അമിത്ഷായുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ആ തീരുമാനം തിരുത്തുകയും ചിത്രം ഉടന്‍ പുനസ്ഥാപിക്കുകയും പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തിട്ടുണ്ടെന്നും ട്വിറ്റര്‍ വക്താവ് പ്രതികരിച്ചിരുന്നു.