രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ തമിഴ് ചിത്രമാണ് ചന്ദ്രമുഖി. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു ചിത്രം. 17 വര്‍ഷത്തിനു ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണ്. ചന്ദ്രമുഖി 2 എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പക്ഷേ രജനീകാന്ത് ഇല്ല. മറിച്ച് രാഘവ ലോറന്‍സ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബോളിവുഡ് താരം കങ്കണ റണൌത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അത് സ്ഥിരീകരിച്ചിരിക്കുകയാണ്. ചിത്രത്തിലേക്ക് കങ്കണയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററില്‍ ചിത്രത്തിലെ അവരുടെ ഗെറ്റപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചന്ദ്രമുഖി 2 2020ല്‍ പ്രഖ്യാപിച്ചിരുന്നതാണ്. പി വാസുവിന്റെ സംവിധാനത്തില്‍ രജനീകാന്തും രാഘവ ലോറന്‍സും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പിന്നീട് ഔദ്യോഗിക പ്രഖ്യാപനം എത്തിയപ്പോള്‍ താരനിരയില്‍ രജനീകാന്ത് ഉണ്ടായിരുന്നില്ല.
പി വാസു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ മധ്യത്തോടെ ആരംഭിച്ചിരുന്നു. രാഘവ ലോറന്‍സ് നായകനാവുന്ന ചിത്രത്തില്‍ വടിവേലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എം എം കീരവാണി സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ ആണ്. കലാസംവിധാനം തോട്ട തരണി.
ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി ചന്ദ്രമുഖിയില്‍ നായകനായ രജനീകാന്തിനെ കണ്ട് ലോറന്‍സ് അനുഗ്രഹം വാങ്ങിയിരുന്നു. അതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്‍തിരുന്നു അദ്ദേഹം.
മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും സംവിധാനം. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം കളിച്ച് വന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി.