ന്യൂഡല്‍ഹി: ദേശദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കുറ്റം ചുമത്തപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ നിര്‍ദേശം.
വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്റ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുള്‍പ്പടെ അഞ്ചു പേരെ പുറത്താക്കാനാണ് സര്‍വകലാശാല ഉന്നതാധികാര സമിതി നിര്‍ദേശിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമായി പഠിച്ച ശേഷം വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്തിമ തീരുമാനം എടുക്കും.
സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ 21 വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. സര്‍വകലാശാല പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് ഇവര്‍ക്ക് എതിരെയുള്ള ആരോപണം.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്കു വിധേയനായ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് കനയ്യ കുമാറിനേയും മറ്റു അഞ്ചു വിദ്യാര്‍ത്ഥികളേയും രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് മൂന്നിന് കനയ്യക്ക് ജാമ്യം കിട്ടിയെങ്കിലും ഖാലിദും ബട്ടാചാര്യയും ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.