ന്യൂഡല്‍ഹി: കന്‍ഹയ്യ കുമാറിനെ ഹാജരാക്കിയ പട്യാല ഹൗസ് കോടതിയില്‍ സംഘര്‍ഷം.
വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരായ അധ്യാപകരെയും, മാധ്യമപ്രവര്‍ത്തകരെയും ബിജെപി അനുകൂല പ്രവര്‍ത്തകര്‍ മര്‍ദിച്ചു.
ന്യൂഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടര്‍ മനു ശങ്കരനും ക്യാമറാമാന്‍ രാജീവ് കണ്ണാടിക്കും നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ മനു ശങ്കരന്റെ തലയ്ക്ക് പരുക്കേറ്റു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിഞ്ഞാടുകയായിരുന്നു.
അഭിഭാഷക വേഷത്തില്‍ കോടതിയില്‍ കടന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രണണം നടത്തിയത്. കോടതി മുറിയില്‍ കനയ്യ കുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ആക്രമണം.
സ്ത്രീകള്‍ അടക്കമുള്ളവരെ കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു. പൊലീസുകാര്‍ നിഷ്പ്രഭരായി നോക്കി നില്‍ക്കെയായിരുന്നു ആക്രമണം.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ കനയ്യ കുമാറിന്റെ കേസ് പരിഗണിക്കുന്ന സമയത്തായിരുന്നു അഭിഭാഷകരുടെ ആക്രമണം. കോടതി മുറിക്കുള്ളിലും ഉന്തും തള്ളും നടന്നു.