ഭോപാൽ : സംസ്ഥാനത്തു സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുമ്പോഴും സിനിമാ നടിമാരുടെ വേഷത്തെപ്പറ്റിയാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് ആശങ്കയെന്നു കോൺഗ്രസ് നേതാവ് കനയ്യ കുമാർ. കഴിഞ്ഞ ഡിസംബറിൽ ‘പഠാൻ’ സിനിമയിലെ നായിക ദീപിക പദുക്കോണിന്റെ വസ്ത്രത്തെപ്പറ്റിയുള്ള വിവാദം ഓർമിപ്പിച്ചാണു കനയ്യയുടെ വിമർശനം. ആദിവാസി യുവ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘സിനിമയിൽ ദീപിക പദുക്കോൺ എന്തു വസ്ത്രം ധരിക്കുന്നു എന്നതിനെപ്പറ്റിയല്ല, മധ്യപ്രദേശിലെ വനിതകൾക്കും ഗോത്രവർഗക്കാർക്കും ദലിതർക്കും എന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ചാകണം താങ്കളുടെ ആശങ്ക.’’– കനയ്യ പറഞ്ഞു. ബോളിവുഡ് താരം ഷാറുഖ് ഖാൻ നായകനായ ‘പഠാൻ’ സിനിമയിലെ ‘ബേഷറം രംഗ്’ പാട്ടിൽ ദീപിക കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചതിനെ നരോത്തം മിശ്ര ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു.
ഇതേപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അവരുടെ ഭാരത് ജോഡോ എങ്ങനെയാണെന്ന് ഇത് കാണിക്കുന്നുവെന്ന് മിശ്ര പറഞ്ഞു. ‘‘വിദ്വേഷം ഉള്ളവരെന്ന് അറിയപ്പെടുന്നവരിൽനിന്നു കോൺഗ്രസിന് സ്നേഹത്തിന്റെ ഒരു കട കിട്ടുന്നു. അവരിൽ മൂന്ന് പേർ ഒരുമിച്ചാണു വേദിയിൽ. സാക്കിർ നായിക്കിനെ സമാധാനത്തിന്റെ അംബാസഡർ എന്ന് വിളിച്ചയാൾ, ഒസാമ ബിൻ ലാദനെ ‘ലാദൻ ജി’ എന്ന് വിളിച്ചയാൾ, ഇന്ത്യയെ കഷണങ്ങളാക്കും എന്ന മുദ്രാവാക്യം ഉയർത്തിയ കനയ്യ കുമാർ… ഇവരെല്ലാം ചേരുമ്പോൾ ഏത് തരത്തിലുള്ള കോൺഗ്രസാണെന്ന് ഊഹിക്കാം’’– നരോത്തം മിശ്ര തിരിച്ചടിച്ചു.