ന്യൂഡല്‍ഹി: ജെ.എന്‍.യു സംഭവത്തില്‍ ഡല്‍ഹി പൊലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെതിരെ കോടതി പരിസരത്തുണ്ടായ ആക്രമണം സംഘടിതവും ആസൂത്രിതവുമായിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്റെ വസ്തുതാന്വേഷണ സംഘം കണ്ടത്തെി.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിച്ച് കനയ്യയെക്കൊണ്ട് പ്രസ്താവന നല്‍കിച്ചത് പൊലീസ് മാനസികസമ്മര്‍ദം ചെലുത്തിയാണെന്നും സംഘം പറഞ്ഞു.
പ്രസ്താവനയുടെ ഉള്ളടക്കവും ആസൂത്രണവും കൈകാര്യം ചെയ്തത് പൊലീസാണ്. കനയ്യ സ്വമനസ്സാലെ നല്‍കിയതല്ല. ആരോപിക്കപ്പെടുന്നതുപോലുള്ള കുറ്റകൃത്യങ്ങളൊന്നും കനയ്യ ചെയ്തിട്ടില്ല. എന്നാല്‍, ഇക്കാര്യം പൊലീസിന്റെ അന്വേഷണത്തിലാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.
കോടതിമുറിക്കുള്ളില്‍ പൊലീസിന്റെ സാന്നിധ്യത്തിലും കനയ്യക്ക് മര്‍ദനമേറ്റു. അവിടെവെച്ച് കനയ്യ അക്രമികളെ തിരിച്ചറിഞ്ഞുവെങ്കിലും അവരെ തടയുന്നതിനോ പിടികൂടുന്നതിനോ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. കോടതി പരിസരത്തുണ്ടായ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് മനസ്സിലാവുന്നത്.
പട്യാല കോടതി വളപ്പിലുണ്ടായ ആക്രമണം പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരവീഴ്ചയാണ്. കനയ്യയുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ആശങ്കയിലാക്കുന്നതാണ് സംഭവവികാസങ്ങളെന്നും കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ടിന്റെ കോപ്പി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിനും കൈമാറിയിട്ടുണ്ട്.