ലഖ്നൗ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത് കൊവിഡ് -19 സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ തങ്ങിയ അതേ ഹോട്ടലില്‍.ലഖ്നൗവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് കനിക റൂമെടുത്തിരുന്നത്. ഇതേ ഹോട്ടലിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീം അംഗങ്ങളും താമസിച്ചിരുന്നത്.
മാര്‍ച്ച് 11 മുതല്‍ നഗരത്തിലുണ്ടായിരുന്ന കനികയുടെ സഞ്ചാരപദം കണ്ടെത്താനുള്ള ശ്രമത്തിലാണ് യുപി ആരോഗ്യവകുപ്പിപ്പോള്‍ . ഇതിനിടയിലാണ് ദക്ഷിണാഫ്രിക്കന്‍ ടീമുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നത്.
മാര്‍ച്ച് 15-നായിരുന്നു ലഖ്നൗവില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. പിന്നാലെ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. നിലവില്‍ താരങ്ങള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്.
കനികയുടെ സഞ്ചാര പഥം കണ്ടെത്താനായി പ്രാദേശിക ഭരണകൂടത്തിലേയും യുപി ആരോഗ്യ വകുപ്പിലേയും ആയിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന 100 ടീമുകളായാണ് ശ്രമം നടത്തുന്നത്.