എട്ടാം മാസം വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

കണ്ണൂര്‍: എട്ടാം മാസം വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. തളിപ്പറമ്പ് ചെറിയൂര്‍ കുണ്ടിലപുരയില്‍ അജീറിന്റെ ഭാര്യ ഫാത്തിമ (24)യാണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. ഫാത്തിമയ്ക്ക് പ്രസവവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ബന്ധപ്പെട്ടെങ്കിലും ആംബുലന്‍സ് ലഭ്യമായില്ല. തുടര്‍ന്നാണ് കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്.

കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ഉടന്‍ തന്നെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് നൗഫല്‍ ടി.എം, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ റഷീദ് എം എന്നിവര്‍ ഉടനെ സ്ഥലത്തേക്ക് തിരിച്ചു. എന്നാല്‍ ആംബുലന്‍സ് എത്തുന്നതിനു മുന്‍പ് തന്നെ ഫാത്തിമ കുഞ്ഞിന് ജന്മം നല്‍കി. ഇതിനിടയില്‍ ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി. ഉടന്‍ തന്നെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ റഷീദ് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കി. ഇടുങ്ങിയ വഴി ആയതിനാല്‍ വീട്ടുകാരുടെ കൂടി സഹായത്തോടെ 150 മീറ്ററോളം സ്‌ട്രെച്ചറില്‍ ചുമന്നാണ് അമ്മയേയും കുഞ്ഞിനെയും റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സിലേക്ക് മാറ്റിയത്.

തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് നൗഫല്‍ അമ്മയെയും കുഞ്ഞിനെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതയി ബന്ധുക്കള്‍ അറിയിച്ചു. അജീര്‍ ഫാത്തിമ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്.

 

Top