സർക്കാരിനെയും വനംവകുപ്പിനെയും വിമർശിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാര്‍ ജോസ് പുളിക്കൽ

കട്ടപ്പന: സർക്കാരിനും വനംവകുപ്പിനുമെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാര്‍ ജോസ് പുളിക്കൽ. കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണം ഒറ്റപ്പെട്ട സംഭവമാക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമ ഭേദഗതി അത്യാവശ്യമാണ്. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലെന്ന് സർക്കാരും ബന്ധപ്പെവരും മറക്കരുത്. കാട്ടുപോത്ത് നിയമസഭയിലോ പാർട്ടി ഓഫിസിലോ കയറിയാൽ നോക്കി നിൽക്കുമോ എന്നും മാര്‍ ജോസ് പുളിക്കൽ കട്ടപ്പനയിൽ ചോദിച്ചു.

‘‘ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി നാം കാണേണ്ട കാര്യമില്ല. അങ്ങനെ തമസ്കരിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതു സമ്മതിച്ചു കൊടുക്കാനും പറ്റില്ല. വനംവകുപ്പു തന്നെ പുറത്തുവിട്ട രേഖകൾ പ്രകാരം കഴിഞ്ഞ ആറു വർഷത്തിനിടെ 735 പേരാണ് വിവിധ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കേരളത്തിൽ മാത്രം കൊല്ലപ്പെട്ടത്. 2021 ജൂൺ മുതൽ ഡിസംബർ 22 വരെയുള്ള കുറഞ്ഞ കാലയളവിൽ മാത്രം 121 പേരാണ് മരിച്ചത്. ഇതിനൊക്കെ ആർക്കാണ് ഉത്തരവാദിത്തം? വനത്തിൽ കയറി പ്രശ്നമുണ്ടാക്കിയതിന്റെ പേരിലാണോ ഇവരൊക്കെ കൊല്ലപ്പെട്ടത്? ഇതിന്റെ ഉത്തരവാദിത്തം വനംവകുപ്പ് ഏറ്റെടുക്കുമോ? ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിനു കഴിയുമോ? ഇതിനായി രാഷ്ട്രീയ നേതൃത്വങ്ങൾ രംഗത്തു വരുമോ?

കാട്ടുപോത്തിന് വോട്ടവകാശമില്ലെന്ന കാര്യം സർക്കാരും ബന്ധപ്പെട്ടവരും രാഷ്ട്രീയ പാർട്ടികളും മറക്കരുത്. ഈ വന്യമൃഗങ്ങളെ സംരക്ഷിക്കാനായി പലരും വല്ലാതെ പാടുപെടുന്നുണ്ട്. രാഷ്ട്രീയപാർട്ടികൾ, ഭരിക്കുന്ന സർക്കാർ, വനപാലകർ എന്നിവരെല്ലാം ഒരുപാടു കാര്യങ്ങൾ ഇതിനായി ചെയ്യുന്നുണ്ട്. പക്ഷേ, വന്യമൃഗങ്ങൾ ആരും വോട്ടു ചെയ്ത് നിങ്ങളെ ഒരിടത്തും എത്തിക്കില്ല എന്ന കാര്യം വിസ്മരിക്കരുത്. മജ്ജയും മാംസവുമുള്ള മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത് എന്ന കാര്യവും മറക്കരുത്.

ഒരു കാട്ടുപോത്ത് കയറിവന്നിട്ട് രണ്ടു മനുഷ്യരെ ഒരു ദിവസം തന്നെ ദാരുണമായി കൊലപ്പെടുത്തിയപ്പോൾ, അതിനെ സംരക്ഷിക്കാനായി വനപാലകർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ടായിരുന്നു. ഈ കാട്ടുപോത്ത് കയറിവന്നത് നിയമസഭിയലേക്കോ പാർട്ടി ഓഫിസുകളിലേക്കോ ആയിരുന്നെങ്കിൽ അവിടെ പെട്ടെന്നുതന്നെ ഒരു തീരുമാനമുണ്ടാകുമായിരുന്നില്ലേ? അവിടെ നിയമത്തിന്റെ കുരുക്കുകളഴിക്കാൻ ആരും കാത്തുനിൽക്കില്ലായിരുന്നു. വെടിവച്ച് കൊല്ലാനായി ഒരു താമസവും ഉണ്ടാകില്ലായിരുന്നു. പാവപ്പെട്ട കർഷകന്റെ നെഞ്ചിലേക്ക് കാട്ടുപോത്ത് ചവിട്ടിക്കയറിയപ്പോൾ ആയിരക്കണക്കിന് നിയമങ്ങളാണ് കുരുക്കഴിക്കാനുണ്ടായിരുന്നത്. ഇത്തരം ഇരട്ടത്താപ്പു നയങ്ങൾ ഇനി വിലപ്പോകില്ല എന്നുകൂടി ഓർമിപ്പിക്കുന്നു’’ – മാർ പുളിക്കൽ പറഞ്ഞു.

Top