കാഞ്ഞിരപ്പള്ളി: നവജാതശിശുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന മാലൂര്‍മലയില്‍ നിഷയെയാണ് അറസ്റ്റു ചെയ്തത്. കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
നവജാതശിശു മരിച്ചത് പനി കുറയ്ക്കാന്‍ കന്നാസിലെ വെള്ളത്തില്‍ കാല്‍ മുക്കിയപ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതുമൂലമാണെന്ന് അമ്മ നിഷ പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലിലാണ് നിഷ കുറ്റസമ്മതം നടത്തിയത്.
അഞ്ചു കുട്ടികളുണ്ടായതിന്റെ പേരില്‍ ആളുകള്‍ കളിയാക്കിയതു മൂലമാണ് ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചതെന്നും നിഷ മൊഴി നല്‍കിയിരുന്നു. കുഞ്ഞിന്റെ മരണം സംബന്ധിച്ച് നിഷയുടെ മക്കള്‍ വ്യത്യസ്തമായ മൊഴി നല്‍കിയത് സംശയത്തിനിടയാക്കിയിരുന്നു. ഇടക്കുന്നം മുക്കാലിയില്‍ മൂത്തേടത്ത് മലയില്‍ സുരേഷ് – നിഷ ദമ്പതികളുടെ നവജാതശിശുവിനെയാണ് ബുധനാഴ്ച കന്നാസിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് വെള്ളത്തില്‍ മുങ്ങിമരിച്ചതാണെന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.
‘കുഞ്ഞിന് രണ്ടു ദിവസമായി പനിയുണ്ടായിരുന്നു. ദേഹം തണുപ്പിക്കാന്‍ കാല്‍ വെള്ളത്തില്‍ മുക്കി. കൈവിട്ടു പോയ കുഞ്ഞ് മുങ്ങിമരിച്ചു’ എന്നാണ് നിഷയുടെ മൊഴി. അതേസമയം കുഞ്ഞ് തനിയെ വെള്ളത്തില്‍ വീണതല്ലെന്നാണ് കുട്ടികളുടെ മൊഴി. നിഷയും സുരേഷും പറയുന്ന കാര്യങ്ങളിലും വൈരുധ്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്തിയതെന്ന് ഡിവൈഎസ്പി എന്‍. ബാബുക്കുട്ടന്‍ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം മുട്ടമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ നിഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. നിഷയുടെ മറ്റ് 5 കുട്ടികളെ പൊലീസ് വിവിധ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ മാറ്റിപ്പാര്‍പ്പിച്ചു.