കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജഡ്ജ്‌മെന്റല്‍ ഹൈ ക്യാ. ചിത്രത്തിന്റെ പോസ്റ്റര്‍ അടുത്തിടെ പുറത്ത് വിടുകയും ചെയ്തിരുന്നു. എന്നാല്‍ ആ പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്നാണ് പുതിയ പരാതി. ഹംഗേറിയന്‍ ഫോട്ടോഗ്രാഫര്‍ ഫ്‌ലോറാ ബെര്‍സിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ ഒരു ഫോട്ടോഗ്രാഫിനോട് സാമ്യമുള്ളതാണെന്നാണ് അദ്ദേഹം പറയുന്നത്.
രണ്ട് ഫോട്ടോഗ്രാഫുകളും പോസ്റ്റ് ചെയ്താണ് കോപ്പിയടിയെ കുറിച്ച് ഫ്‌ലോറ പറയുന്നത്. എന്തെങ്കിലും സാമ്യതകളുണ്ടോ? പ്രശസ്ത ഹിന്ദി ചിത്രമായ ജഡ്ജ്‌മെന്റല്‍ ഹെ ക്യായുടെ പോസ്റ്ററാണ് ഇത്. അവര്‍ എന്നോട് അനുവാദം ചോദിക്കുകയോ എന്നെ സമീപിക്കുകയോ ചെയ്തിട്ടില്ല. ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കുകള്‍ വലിയ കമ്പനികള്‍ മോഷ്ടിക്കുന്നത് എന്ത് നാണക്കേടാണ്- ഫ്‌ലോറ പറയുന്നു. ഇതിനോടകം നിരവധി പേരാണ് ഫ്‌ലോറയെ പിന്തുണച്ച് സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്.