ഉയരെ എനിക്ക് കാണാനാകില്ല, പക്ഷേ നിങ്ങള്‍ കണ്ടിരിക്കണം; കങ്കണയുടെ സഹോദരി

വാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി തിരുവോത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉയരെയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രത്തിനെയും ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വ്വതിയേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ ഉയരെ സിനിമയെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണയുടെ സഹോദരിയായ രംഗോലി ചന്ദേല്‍ രംഗത്ത് വന്നിരിക്കുകയാണ്. യഥാര്‍ത്ഥജീവിതത്തില്‍ ആസിഡ് ആക്രമണിത്തിന് ഇരയായ യുവതിയാണ് രംഗോലി. ഉയരെ സിനിമ തനിക്ക് കാണാനാകില്ലെന്നും എന്നാല്‍ മറ്റുള്ളവര്‍ ചിത്രം തീര്‍ച്ചയായി കാണണമെന്നും രംഗോലി ട്വീറ്റ് ചെയ്തു.

‘ഉയരെ എന്ന ചിത്രം എക്കാലത്തെയും മികച്ച ചിത്രമായി മാറിക്കൊണ്ടിരിക്കുന്നു. ആസിഡ് അതിക്രമത്തെ അതിജീവിച്ച ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ആസിഡ് ആക്രമണം എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ മരവിച്ചു പോകുന്ന എനിക്ക് ഈ സിനിമയിപ്പോള്‍ കാണാനാകില്ല. ഒരിക്കല്‍ ഞാന്‍ ഈ മാനസിക ആഘാതത്തെ അതിജീവിക്കുമെന്നും ചിത്രം കാണുമെന്നും പ്രത്യാശ പുലര്‍ത്തുന്നു. പക്ഷേ നിങ്ങള്‍ എല്ലാവരോടും ഞാന്‍ ഈ ചിത്രം കാണണമെന്ന് അപേക്ഷിക്കുന്നു.’ രംഗോലി ട്വീറ്റ് ചെയ്തു.

കങ്കണ സിനിമയില്‍ വരുന്നതിന് മുമ്പാണ് രംഗോലി ആസിഡ് ആക്രമത്തിന് ഇരയാകുന്നത്. രംഗോലിയുടെ കാമുകനാണ് മുഖത്ത് ആസിഡ് ഒഴിച്ചത്. കങ്കണ ബോളിവുഡില്‍ പ്രശസ്തയായതിന് ശേഷമാണ് രംഗോലി വിദഗ്ധ ചികിത്സക്കായി മുംബൈയില്‍ താമസം ആരംഭിക്കുന്നത്. ആസിഡ് ആക്രമണത്തിന് ശേഷം 57 ശസ്ത്രക്രിയകള്‍ക്കാണ് രംഗോലി വിധേയയായത്. രംഗോലിയുടെ ഒരു ചെവിയുടെ കേള്‍വി പൂര്‍ണമായി ഇല്ലാതാകുകയും ഒരു കണ്ണിന്റെ കാഴ്ച ശക്തി 90 ശതമാനത്തോളം നശിക്കുകയും ചെയ്തു.

Top