ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്ന ആവശ്യവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
‘പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ നിങ്ങള്‍ക്ക് മാര്‍ച്ച് വരെ സമയമുണ്ട്. അത് കഴിഞ്ഞാല്‍, ഞങ്ങള്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരും. എന്‍പിആര്‍ പിന്‍വലിക്കുന്നതുവരെ ഞങ്ങള്‍ ഡല്‍ഹിയില്‍ തുടരും. ഇത് വേറൊരു രീതിയില്‍ എടുക്കരുത്. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല’ – കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
ഇത് ആവശ്യപ്പെടുന്നതിന് കാരണമുണ്ട് പ്രധാനമന്ത്രി, നിങ്ങളുടെ സര്‍ക്കാര്‍ പറയുന്നത് എന്‍പിആര്‍ എന്‍ആര്‍സിയുടെ ആദ്യപടിയാണെന്നാണ്. നിങ്ങളും ഈ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്‍ആര്‍സിയേക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ എന്തിനാണ് എന്‍പിആര്‍. അതിനാല്‍ എന്‍ആര്‍സിയെക്കുറിച്ച് ധാരണ കിട്ടുന്നത് വരെ എന്‍പിആര്‍ വേണ്ടെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.
നേരത്തേയും സിഎഎക്കെതിരെ അദ്ദേഹം പ്രതികരിക്കുകയും നിരവധി തവണ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കുക മാത്രമാണു ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തെ യുപി അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്തപ്പോള്‍ പൊലീസ് പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണന്‍ ശക്തമായ നിലപാടെടുത്തിരുന്നു. അലിഗഡ് ജില്ലയില്‍ കണ്ണന് പ്രവേശനം വിലക്കി മജിസ്‌ട്രേറ്റ് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് വിയോജിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സിവില്‍ സര്‍വീസ് പദവി രാജിവച്ചത്.