കണ്ണൂര്‍: കണ്ണൂരില്‍ എസ് സി പ്രൊമോട്ടറെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂര്‍ ചാവശ്ശേരി സ്വദേശി സെബിനാണ് മര്‍ദ്ദനമേറ്റത്. ലഹരി വസ്തു കൈവശം വച്ചു എന്നാരോപിച്ചാണ് മര്‍ദ്ദനം. ഓഗസ്റ്റ് മൂന്നിനാണ് സംഭവം നടന്നത്. കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ സെബിന്‍ ചികിത്സയിലാണ്. ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് മട്ടന്നൂര്‍ എക്‌സൈസിന്റെ വിശദീകരണം.
സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി സെബിന്റെ കുടുംബം രംഗത്തെത്തി. മര്‍ദ്ദിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് സെബിന്റെ അച്ഛന്‍ സെബാസ്റ്റ്യന്‍ ആരോപിച്ചു. കേസ് ഒതുക്കി തീര്‍ക്കാന്‍ മട്ടന്നൂര്‍ പൊലീസ് ശ്രമിക്കുന്നതായും ആരോപണമുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ മട്ടന്നൂര്‍ പൊലീസ് സെബിനെതിരെയും കേസെടുത്തിട്ടുണ്ട്.