ന്യൂഡല്‍ഹി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഡിസംബര്‍ മാസം മുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചതോടെയാണ് തീരുമാനം. റണ്‍വേ, റണ്‍വേ ലൈറ്റ്, ഏപ്രണ്‍, ഡിവിഒആര്‍, ഐസൊലേഷന്‍ ബേ, ഇലക്ട്രിക്കല്‍ ആന്‍ഡ് ലൈറ്റിനിങ് സംവിധാനം, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയവയൊക്കെ വിശദമായി തന്നെ ഡിജിസിഎ പരിശോധിച്ചിരുന്നു.
ഡിസംബര്‍ ആറ് മുതല്‍ വാണിജ്യ സര്‍വ്വീസുകള്‍ നടത്താനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ അഞ്ചു മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി വിമാനത്താവളം തുറന്ന് നല്‍കും. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് സന്ദര്‍ശനം അനുവദിക്കുന്നത്.
എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസുകള്‍ നടത്തും.ഇപ്പോഴത്തെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കുള്ള സീറ്റുകള്‍ നിശ്ചയിക്കുന്നതും റൂട്ട് നല്‍കുന്നതുമായ നടപടികളും ഇതോടെ വേഗത്തിലാക്കും.