കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബ് പൊട്ടി കൊല്ലപ്പെട്ടയാള്‍ ബോംബുമായി വന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍. സംഘം ആദ്യം എറിഞ്ഞ ബോംബ് പൊട്ടാത്തതിനെ തുടര്‍ന്ന് രണ്ടാമതും എറിയുകയായിരുന്നു. അതിനിടെ ബോംബ് സംഘാംഗത്തിന്റെ തലയില്‍ കൊള്ളുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. 26 കാരനായ കണ്ണൂര്‍ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ തോട്ടടയിലെ വിവാഹ വീട്ടില്‍ രാത്രി സത്കാരം കഴിഞ്ഞ് സംഗീത പരിപാടി നടന്നിരുന്നു. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ ഉടലെടുത്ത തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് മാറി. ഏച്ചൂരില്‍ നിന്ന് വന്ന വരന്റെ സംഘവും വരന്റെ നാട്ടുകാരായ യുവാക്കളും രണ്ട് ചേരിയായി സംഘര്‍ഷത്തിലേര്‍പ്പെട്ടു.
പ്രശ്‌നം ഒത്തുതീര്‍ത്ത ശേഷമാണ് ഇന്ന് വിവാഹത്തിന് വരനും സംഘവും പോയത്. വധൂഗൃഹത്തില്‍ വിവാഹം കഴിഞ്ഞ വരനും സംഘവും വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ബോംബ് പൊട്ടിത്തെറിച്ചത്. ഏച്ചൂരില്‍ നിന്നുള്ള സംഘമാണ് ബോംബുമായി വന്നത്. ജിഷ്ണു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. നാടന്‍ ബോംബാണ് സംഘം ഉപയോഗിച്ചത്. പൊട്ടാതെ ബാക്കിയായ ബോംബ് പൊലീസ് നിര്‍വീര്യമാക്കി. ഇത് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.