കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്ന് വീണ്ടും റെയ്ഡ്. മിന്നല്‍ പരിശോധനയില്‍ രണ്ടു മൊബൈല്‍ ഫോണുകളും ഇവയ്ക്കായി ഉപയോഗിക്കുന്ന സോളാര്‍ ചാര്‍ജറുകളും പിടിച്ചെടുത്തിരുന്നു.
സംസ്ഥാനത്തെ ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗവും ലഹരി വസ്തുക്കളും വ്യാപകമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയില്‍ ഡിജിപിയായി ഋഷിരാജ് സിംഗ് സ്ഥാനമേറ്റതിന് പിന്നാലെയാണ് വിവിധ ജയിലുകളില്‍ റെയ്ഡ് തുടങ്ങിയത്.
ഇതിനിടെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ കൊടി സുനി വിയ്യൂര്‍ ജയിലില്‍ നിന്നും ഖത്തറിലുള്ള വ്യവസായിയെ വിളിച്ച് വധഭീഷണി മുഴക്കിയ വാര്‍ത്തയും പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നടന്ന റെയ്ഡുകളില്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ദിവസങ്ങള്‍ക്കിടെ നടന്ന മൂന്നാം റെയ്ഡിലും ഫോണുകള്‍ പിടിച്ചതോടെ ജയിലുകളില്‍ ഫോണ്‍ ഉപയോഗം വ്യാപകമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതോടെ ഇടവിട്ട ദിവസങ്ങളില്‍ റെയ്ഡുകള്‍ തുടരാനാണ് ജയില്‍ വകുപ്പിന്റെ തീരുമാനം.