തിരുവനന്തപുരം ; കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ കഴിഞ്ഞദിവസം നടന്ന പരിശോധനയില്‍പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ജയില്‍ ഡിജിപി ഋഷിരാജ്‌സിങ് പൊലീസിനോട് ആവശ്യപ്പെട്ടു. ജയിലില്‍നിന്ന് പിടിച്ചെടുക്കുന്ന ഫോണുകള്‍ അതതു സ്ഥലത്തെ ലോക്കല്‍ പൊലീസിനാണ് കൈമാറുന്നത്. ഫോണ്‍രേഖകള്‍ ലോക്കല്‍ പൊലീസിനോട് ആവശ്യപ്പെടാനും കേസുകളുടെ പുരോഗതി വിലയിരുത്താനും ഋഷിരാജ് സിങ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
ജയിലുകളില്‍നിന്ന് മുന്‍പും ഫോണ്‍ പിടിച്ചെടുക്കുകയും ലോക്കല്‍ പൊലീസിന് കൈമാറുകയും ചെയ്തിരുന്നെങ്കിലും വിശദമായ പരിശോധന നടന്നിരുന്നില്ല. ജയില്‍ അധികൃതരാണ് പിടിച്ചതെങ്കിലും പരിശോധിക്കേണ്ടത് ലോക്കല്‍ പൊലീസും ഫോണ്‍വിളികളുടെ ഉള്ളറകളിലേക്ക് കടക്കേണ്ടത് സൈബര്‍ പൊലീസും ആണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലായിരുന്നു പരിശോധന നടക്കാത്തതിന്റെ കാരണം. ഈ രീതി അവസാനിപ്പിക്കാനാണ് ഋഷിരാജ് സിങ്ങിന്റെ നീക്കം. രാഷ്ട്രീയക്കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നവര്‍ ആരെയൊക്കെ വിളിച്ചു, അവരെ ആരൊക്കെ തിരിച്ചുവിളിച്ചു എന്നത് ഗൗരവമായി അന്വേഷിക്കുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നുമാണ് ഋഷിരാജ് സിങിന്റെ നിലപാട്.
കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഏഴ് മൊബൈല്‍ ഫോണുകളാണ് കണ്ടെടുത്തത്. ഇതില്‍ പ്രധാനം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ മുഹമ്മദ് ഷാഫിയില്‍നിന്ന് രണ്ടു സിമ്മുകള്‍ പിടിച്ചെടുത്തതാണ്. മറ്റൊരു പ്രതിയായ കൊടിസുനിയില്‍നിന്ന് സിം ഇല്ലാത്ത ഒരു ഫോണ്‍ ആണ് കണ്ടെത്തിയിട്ടുള്ളത്. തുടര്‍ന്ന് ഇവരെ വിയ്യൂരില്‍നിന്നും പൂജപ്പുര ജയിലിലേക്ക് മാറ്റി. ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ളവരാണ് ഇരുവരും. ജയിലില്‍ കിടക്കുമ്പോഴും പുറത്ത് ക്വട്ടേഷനുകള്‍ ഏറ്റെടുക്കുന്നു, ആളുകളെ ഭീഷണിപ്പെടുത്തുന്നു, സര്‍ണക്കടത്തു നടത്തുന്നു എന്നൊക്കെയുള്ള ഗുരുതര ആരോപണങ്ങള്‍ മുമ്പ് ഉയര്‍ന്നിട്ടുള്ളതാണ്.
ഋഷിരാജ് സിങ് ചുമതലയേറ്റശേഷം നടത്തിയ പരിശോധനയില്‍ ഇതുവരെ 32 ഫോണുകളാണ് വിവിധ ജയിലുകളില്‍നിന്ന് പിടിച്ചെടുത്തത്. രാഷ്ട്രീയക്കേസുകളില്‍ പ്രതികളായവരാണ് ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ അധികവും.
തടവുകാര്‍ക്ക് ഫോണ്‍ നല്‍കിയവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിച്ചാലേ ജയിലിനുള്ളിലേക്ക് ഫോണ്‍ കടത്തുന്നത് അവസാനിപ്പിക്കാനാകൂവെന്നും തടവുകാരെ സഹായിക്കുന്ന ജയില്‍ ജീവനക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും വേണമെന്ന് നിലപാടിലാണ് ജയില്‍ ഡിജിപി.
2013ല്‍ കോഴിക്കോട് ജയിലില്‍ ടി.പി.കേസിലെ പ്രതി ഷാഫിയടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഷാഫി ജയിലില്‍ കിടന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും, ചാറ്റ് ചെയ്യാറുള്ളതും തെളിവുകള്‍ അടക്കം പുറത്തുവന്നിരുന്നു.
പിന്നീട്, 2017-ല്‍ ഇതേ പ്രതികള്‍ തന്നെ വിയ്യൂര്‍ ജയിലില്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കൊടി സുനി, ടി കെ രജീഷ് എന്നിവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പ്രതികള്‍ ജയിലിനുള്ളില്‍ സിഗരറ്റ് വലിക്കുന്നതും സിസി ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു.
ജയിലിനുള്ളില്‍നിന്ന് പുറത്തെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് തടവുകാര്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ടി.പി.കേസിലെ പ്രതി കൊടിസുനി ജയിലില്‍നിന്ന് ഫോണ്‍ വിളിച്ച് വ്യവസായിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. മേയ് മാസം 20നാണ് കൊടിസുനി ആദ്യം വ്യവസായിയെ വിളിച്ചത്. തന്റെ സുഹൃത്തിന്റെ കൈവശമുള്ള സ്വര്‍ണം വാങ്ങാന്‍ തയാറായില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.