കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിക്ക് കോര്‍പ്പറേഷന്‍ ഹാളിലാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണനാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. മുന്‍ മേയര്‍ ഇ.പി ലതയെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ എല്‍.ഡി.എഫിലെ ഇ.പി ലതക്ക് മേയര്‍ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്. അന്‍പത്തിയഞ്ച് അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗ സംഖ്യ. ഒരു കൗണ്‍സിലറുടെ മരണത്തെ തുടര്‍ന്ന് എല്‍.ഡി.എഫിന് നിലവില്‍ 26 അംഗങ്ങള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് അടക്കം യു.ഡി.എഫിന് 28 അംഗങ്ങളുടെ പിന്തുണയുണ്ട്.
പി.കെ രാഗേഷിനോട് എതിര്‍പ്പുള്ള യു.ഡി.എഫ് അംഗങ്ങളില്‍ ആരുടെയെങ്കിലും പിന്തുണയാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ .എന്നാല്‍ അത്തരം സാധ്യതകളെ യു.ഡി.എഫ് പൂര്‍ണമായും തള്ളിക്കളയുകയാണ്. ആദ്യ ആറ് മാസം കോണ്‍ഗ്രസിനും തുടര്‍ന്നുള്ള ആറ് മാസം ലീഗിനും മേയര്‍ സ്ഥാനം പങ്കിട്ട് നല്‍കാനാണ് യു.ഡി.എഫ് ധാരണ.