Kannur corporation: Setback of criminal politics,says Kodiyeri

തലശേരി: കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് വിജയം കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയത്തിനും കെ സുധാകരന്റെ അഹന്തക്കുമേറ്റ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജയിച്ച വാര്‍ഡുകള്‍ തുല്യമായതോടെ രാഗേഷിന്റെ പിന്തുണയോടെ ജയിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടിയത്. മുഖ്യമന്ത്രിവരെ രാഗേഷിന്റെ വോട്ടിനായി ഇടപെട്ടു. വാര്‍ഡുകള്‍ എങ്ങനെ വെട്ടിമുറിച്ചാലും, ഏതെല്ലാം തരത്തില്‍ ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ അതൊന്നും അംഗീകാരിക്കാന്‍ പോവുന്നില്ലെന്നതിന്റെ തെളിവാണ് കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ ചരിത്രവിജയം. കണ്ണൂര്‍ ടൗണിലടക്കം ഇടതുപക്ഷത്തിന് അനുകൂലമായി വരാന്‍പോവുന്ന രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണിതെന്നും കോടിയേരി പറഞ്ഞു.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് വിജയത്തെക്കുറിച്ച് തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മേയറായി തെരഞ്ഞെടുക്കപ്പെട്ട ലതയെയും എല്‍ഡിഎഫിന് അനുകൂലമായ നിലപാടെടുത്ത രാഗേഷിനെയും കോടിയേരി പ്രത്യേകം അഭിനന്ദിച്ചു.

Top