കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഇന്ന് രാജിവെക്കും. മുസ്ലിം ലീഗുമായുള്ള മുന്‍ധാരണ പ്രകാരമാണ് രാജി. മേയര്‍ സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടുക എന്നതായിരുന്നു മുന്‍ധാരണ. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് രാജ്യസന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കിലും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് മേയര്‍ രാജിവെക്കാന്‍ തീരുമാനിച്ചത്. പുതിയ മേയര്‍ ആരാണെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ലീഗ് ജില്ലാ നേതൃത്വം പറഞ്ഞു.
പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മുസ്ലിഹ് മടത്തിലും ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചറുമാണ് ലീഗിന്റെ പരിഗണനയിലുള്ളത്. കോര്‍പ്പറേഷന്‍ പരിധിയില്‍ നിര്‍ണായക സ്വാധീനശക്തി അല്ലാതിരുന്നിട്ടും ലീഗിന് മേയര്‍ സ്ഥാനം വിട്ടുനല്‍കുന്നതില്‍ ജില്ലയിലെ കോണ്‍ഗ്രസിനകത്ത് രണ്ടഭിപ്രായമുണ്ട്. എന്നാല്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കോണ്‍ഗ്രസ് രാജി വെക്കാന്‍ മേയറോട് ആവശ്യപ്പെട്ടത്. മുസ്ലിം ലീഗിന്റെ ആവശ്യത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നത് ഒരു രാഷ്ട്രീയ സൂചന കൂടിയാണ്.